ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

സാമൂഹിക – സാംസ്ക്കാരിക ചരിത്രം

ഞീഴൂർ ഗ്രാമപഞ്ചായത്ത് കേരളത്തിലെ പഴമയും ഗ്രാമീണ പൈതൃകവും നിലനിർത്തുന്ന ഒരു പ്രദേശമാണ്. മലകളും തോടുകളും പാടങ്ങളും കൊണ്ട് സമ്പന്നമായ കോട്ടയം ജില്ലയുടെ വടക്കു ഭാഗത്ത് എറണാകുളം ജില്ലയോട് ചേർന്ന് കിടക്കുന്ന ഭൂവിഭാഗമാണ് ഞീഴൂർ ഗ്രാമപഞ്ചായത്ത്. ഇതിന്റെ വടക്ക് ഇലഞ്ഞി പഞ്ചായത്തും തെക്ക് കടുത്തുരുത്തി, കുറവിലങ്ങാട് പഞ്ചായത്തുകളും പടിഞ്ഞാറ് മുളക്കുളം, കടുത്തുരുത്തി പഞ്ചായത്തുകളും കീഴക്ക് മരങ്ങാട്ടുപിള്ളി, ഉഴവൂർ പഞ്ചായത്തുകളും സ്ഥിതിചെയ്യുന്നു. കടുത്തുരുത്തി വില്ലേജിൽ പെട്ടിരുന്ന ഞീഴൂർ, കാട്ടാമ്പാക്ക്, തിരുവാമ്പാടി പാഴുത്തുരുത്ത്, മരങ്ങോലി, കാഞ്ഞിരമറ്റം എന്നീ കരകൾ ഉൾപ്പെടുത്തി 1953 ആഗസ്റ്റ് 15 ന് ഞീഴൂർ പഞ്ചായത്ത് നിലവിൽ വന്നു. അന്ന് ആരോഗ്യമന്ത്രിയായിരുന്ന ബഹു. വി. മാധവനാണ് പഞ്ചായത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം നർവ്വഹിച്ചത്. ഞീഴൂർ എം. സി. പോത്തൻ കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ 7 വാർഡുകളാണ് ഉണ്ടായിരുന്നത്. 1956 ൽ കടുത്തുരുത്തി വില്ലേജ് രണ്ടായി തിരിച്ച് ഞീഴൂർ പഞ്ചായത്ത് ഉൾപ്പെടുന്ന പ്രദേശം ഞീഴൂർ വില്ലേജായി പ്രവർത്തനമാരംഭിച്ചു. 1963 ൽ ശ്രീ എം. സി. പോത്തൻ സംഭാവന ചെയ്ത 15 സെന്റ് സ്ഥലത്ത് പഞ്ചായത്ത് കെട്ടിടം പണിതീർത്തു. ഞീഴൂരിന്റെ വികസനത്തിനുവേണ്ടി പബ്ലിക് മാർക്കറ്റ് സ്ഥാപിക്കുന്നതിന് 50 സെന്റ് സ്ഥലം ശ്രീ ചെറിയാൻ തച്ചേട്ട്സൗജന്യമായി നൽകി. ഈ സ്ഥലത്താണ് പൊതു മാർക്കറ്റ് ഇപ്പോൾ കമ്മ്യൂണിറ്റി ഹാളും സ്ഥിതി ചെയ്യുന്നത്. 

           ഗ്രാമപഞ്ചായത്തിന്റെ പ്രധാന തനത് വരുമാനമാർഗ്ഗം കെട്ടിട നികുതി, തൊഴിൽ നികുതി, ലൈസൻസ് ഫീസ് എന്നിവയാണ്. സംസ്ഥാന റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ ഇന്റർമിക്‌സ് ഫാക്‌ടറി മാത്രമാണ് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ പ്രധാന വ്യവസായ സ്ഥാപനം മറ്റ് വ്യവസായ സ്ഥാപനങ്ങളൊ, പ്രധാന വാണിജ്യ കേന്ദ്രങ്ങളെ ഇല്ലാത്തതും മറ്റ് സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് പൊതുസൗകര്യ കെട്ടിടങ്ങളുടെ എണ്ണക്കുറവും പഞ്ചായത്തിൻ്റെ തനത് വരുമാനത്തെ ബാധിക്കുന്നു.

 

വളരെയധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലായെങ്കിലും ഗ്രാമപഞ്ചായത്തിൻ്റെ സാമൂഹ്യ സാംസ്‌കാരിക നിലവാരം ഉയർന്ന് നിലയിലാണ് മതപരമായോ, സാമൂഹ്യമായോ ഉള്ള പ്രശ്‌നങ്ങൾ ഗ്രാമപഞ്ചായത്തിൽ ഉണ്ടായിട്ടില്ലാത്തത് പ്രദേശത്തെ ജനങ്ങളുടെ സാംസ്ക‌ാരിക സാമൂഹിക അവബോധത്തെ എടുത്തുകാട്ടുന്നു. ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജ് മാത്രമാണ് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ എക ഉന്നത വിദ്യാഭ്യാസ സ്ഥാപനം, കൂടാതെ സർക്കാർ/എയ്‌ഡഡ്/ അൺഎയ്‌ഡ് മേഖലകളിലായി 2 ഹയർ സെക്കൻ്റി സ്‌കൂളും 1 ഹൈസ്‌കൂളും, 2 യു. പി. സ്‌കൂളും 6 എൽ. പി. സ്കൂ‌ളും 19 അംഗനവാടികളും പ്രവർത്തിക്കുന്നു. ഗ്രാമപഞ്ചായത്തിന് കീഴിൽ കാട്ടാമ്പാക്ക് കേന്ദ്രമായി പഞ്ചായത്ത് സാംസ്ക‌ാരിക നിലയവും, വിവിധ വാർഡുകളിലായി 6 വായനശാലകളും പ്രവർത്തിക്കുന്നു.

 

കാട്ടാമ്പാക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രാഥമിക ആരോഗ്യകേന്ദ്രവും ആയതിന് കീഴിലുള്ള  വിളയംകോട്, വടക്കേനിരപ്പ് , പാഴുതുരുത്ത് സബ്‌സെൻ്ററുകളും ഞീഴൂരിൽ പ്രവർത്തിക്കുന്ന ഗവ ആയുർവ്വേദ ഡിസ്പെൻസറിയും, ഹോമിയോ ഡിസ്പെൻസറിയുമാണ് ആരോഗ്യരംഗത്തെ പ്രധാന സ്ഥാപനങ്ങൾ കാർഷിക മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ഭജനമഠം കേന്ദ്രമായി പ്രവർത്തിക്കുന്ന കൃഷിഭവനും, മൃഗസംരക്ഷണ മേഖലയുടെ വികസനം ലക്ഷ്യമിട്ട് മരങ്ങോലി കേന്ദ്രമായി പ്രവർത്തിക്കുന്ന സർക്കാർ വെറ്റിനറി ഡിസ്പെൻസറിയും, കടുത്തുരുത്തി ആസ്ഥാനമായിട്ടുള്ള ക്ഷീരവികസ ഓഫീസും അതാതു മേഖലയും പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു താരതമ്യേന വിസ്‌തൃതി കൂടുതലുള്ള പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായ പ്രസ്‌തുത സർക്കാർ സ്ഥാപനങ്ങൾ വിന്വസിക്കപ്പെട്ടിരിക്കുന്നതിനാലും പൊതു യാത്രാസൗകര്യത്തിൻ്റെ അഭാവം മൂലവും സ്ഥാപനങ്ങൾ നൽകുന്ന സേവനം പൂർണ്ണമായും പ്രയോജനപ്പെടുത്താനാവില്ല. 

സാമൂഹിക സാംസ്ക്കാരിക ചരിത്രം പശ്ചാത്തലം

 

കുന്നുകളും മലഞ്ചെരുവുകളും സമതലങ്ങളും നെൽപ്പാടങ്ങളും തെങ്ങിൻ തോപ്പുകളും വാഴത്തോട്ടങ്ങളും പച്ചക്കറി ത്തോട്ടങ്ങളും മാവും പിലാവും കവുങ്ങും എല്ലാം നിറഞ്ഞ ഒരു പ്രദേശമാണ് ഞീഴൂർ ഗ്രാമപഞ്ചായത്ത്, 15 വാർഡുകളുള്ള ഈ ഗ്രാമപഞ്ചായത്തിന്റെ 1, 2, 3, 4, 12, 13,14 (പകുതി ) വാർഡുകൾ ഒരുഭാഗത്തും 5, 6, 7, 8, 9, 10,11,14,15 (പകുതി) വാർഡുകൾ മറുഭാഗത്തും സ്ഥിതിചെയ്യുന്നു ഇന്ന് ഈ പ്രദേശത്തിൻ്റെ ഭൂരിഭാഗവും റബ്ബർ തോട്ടങ്ങളായി മാറിയിരിക്കയാണ് ആദിമകാലത്ത് ഈ പ്രദേശം വനാന്തരമായി കിടന്നിരുന്നു അക്കാലത്ത് ഇവിടെയും പരിസരപ്രദേശങ്ങളിലും അഷ്ഠാംഗയോഗയുക്തമായ തപസ്വികൾ യോഗസാധനകൾ അനുഷ്ഠിച്ചു പാർത്തിരുന്നു ഇപ്പോൾ ഞീഴൂർ 3-ാം വാർഡിൽ ശ്രീകൃഷ്‌ണ സ്വാമിക്ഷേത്രമിരിക്കുന്ന സ്ഥലത്തുനിന്ന് വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന തേവരാടി (തേരാടി എന്ന് ഇന്ന് ലോപിച്ചു) മലയിൽ യോഗാനുഷ്‌ഠാനങ്ങളിൽ മുഴുകി ജീവിച്ചിരുന്ന ഒരു മഹായോഗിക്ക് ബാലഗോപാലകൃഷനായ ഭഗവാന്റെ മുരളീനാദശ്രവണവും ദർശനവും ലഭിച്ചു ആ പുണ്യാത്മാവ് ശ്രീകൃഷ്‌ണനെ അവിടെ പ്രതിഷ്‌ഠിച്ച് യഥാവിധി ഉപാസിച്ചു ഇപ്പോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ശാസ്‌താവിൻ്റെ ദർശനമുണ്ടായി സമാരാധിച്ചുമിരുന്നു.

 

കാലാന്തരത്തിൽ ഈ പ്രദേശത്തിൻ്റെ ഭരണം രാജാക്കന്മാരിലും പ്രഭുക്കന്മാരിലും നിക്ഷിപ്‌തമായി അവർ പത്നീ സമേതനായ ശാസ്ത‌ാവിനെ ക്ഷേത്ര നിർമ്മിതി ചെയ്‌ത്‌ പ്രതിഷ്‌ഠിക്കുകയും നാലമ്പലവും ബലിക്കൽ പുരയും അഷ്ടദിക്‌പാലകശാലകളും മറ്റും സ്ഥാപിച്ച് മഹാക്ഷേത്രരൂപത്തിൽ ആരാധന നടത്തുകയും ചെയ്‌തു. എഴ് ഇല്ലക്കാരുടെ ഊരാഴ്ചയിൽ ഈ ക്ഷേത്രങ്ങൾ പിന്നീട് വന്ന് ചേരുകയും ചെയ്‌തു കാലചക്രഗതിവേഗത്താൽ പിന്നീട് ധർമ്മച്യുതിയും അധികാരമോഹവും കലഹവാസനയും ഈ ഗ്രാമത്തിൽ പടരുകയും യുദ്ധകലാപങ്ങളാൽ ക്ഷേത്രങ്ങളും ബ്രാഹ്മണാലയങ്ങളും നശിക്കപ്പെടുകയും ചെയ്‌തു ബ്രാഹ്മണഹത്യയും ക്ഷേത്രധ്വംസനവും നടത്തിയ പ്രഭുകുടുംബക്കാർക്ക് ബഹുവിധ ദുരിതങ്ങളും സന്താന ഹാനിയും സംഭവിച്ചു അതിന് പരിഹാരമായി വിഷ്‌ണു പ്രീതിക്കുവേണ്ടി തേവരാടി മലയിൽ ക്ഷയിക്കപ്പെട്ടു കിടന്നിരുന്ന ക്ഷേതത്തിലെ ശ്രീകൃഷ്‌ണ വിഗ്രഹം ഇവിടെ കൊണ്ടുവന്ന് ശാസ്‌താവിൻ്റെ സങ്കേതത്തിൽ പ്രതിഷ്ഠച്ചതാണ് ഇപ്പോഴുള്ള ശ്രീകൃഷ്‌ണക്ഷേത്രം.

 

ഇവിടത്തെ ഭദ്രകാളി ക്ഷേത്രവും ഒരു പ്രത്യേക ക്ഷേത്രമായി നിലകൊള്ളുന്നു. ദേശഭരണാധികാരിയായ ഒരു കുടുംബത്തിൻ്റെ ധർമ്മദൈവമായിരുന്നു ഈ ഭദ്രകാളി.

 

കാലിക്കട്ട് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്മാർ ഇവിടെ വരികയും ക്ഷേത്രത്തിൻ്റെ പഴക്കം ഏകദേശം നിർണ്ണയിക്കുകയും ചെയ്ത‌തിട്ടുണ്ട്. ആയിരം വർഷത്തിലേറെ പഴക്കമാണ് അവർ കണ്ടെത്തിയത് അവരുടെ അഭിപ്രായത്തിൽ ഇവിടെ സ്ഥിതി ചെയ്യുന്ന ശാസ്‌താവും പത്‌നിയും ശ്രീബുദ്ധ യയോധരമാരാണെന്നാണ് ബ്രാഹ്മണരെ കൊന്ന് ഒഴിവാക്കിയ സ്ഥലമാണ് ഇന്ന് (കൊന്നൊഴിയാപ്പാടം) കൊന്നനാപ്പാടം എന്ന പേരിലറിയപ്പെടുന്നത്

 

ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന തേവർത്തുമലയെക്കുറിച്ചും കൊട്ടാരം ദേവീക്ഷേത്രത്തെക്കുറിച്ചും ചില ഐതിഹ്യങ്ങളുണ്ട്. ഏറ്റുമാനൂർ ക്ഷേത്രം പണി നടക്കുന്ന കാലത്ത് അവിടെ പ്രതിഷ്‌ഠിക്കുന്നതിനുള്ള ശിവന്റെ വിഗ്രഹം തക്കസമയത്ത് സ്വയംഭൂവായി പ്രത്യക്ഷപ്പെടുമെന്ന് അന്നത്തെ രാജാവ് സ്വപ്‌നം കണ്ടിരുന്നു പണിപൂർത്തിയായ കാലത്ത് കാട്ടാമ്പാക്കിൽ കിഴക്കും പടിഞ്ഞാറും ഭാഗങ്ങൾക്ക് മധ്യേഉയർന്നു നിൽക്കുന്ന മലയിൽ കിഴങ്ങുകൾ മാന്തിനടന്ന ഒരു ആദിവാസി സ്ത്രീ തന്റെ പാരകൊണ്ട് ഒരിടത്ത് മാന്തുമ്പോൾ പെട്ടെന്ന് രക്തം കണ്ട് ഭയപ്പെട്ടുമാറിയെന്നും ആ സ്ഥാനത്ത് ശിവലിംഗം ഉയർന്നുവന്നുവെന്നും പറയപ്പെടുന്നു. ഈ വിവരത്തിന് രാജാവിന് സ്വപ്നദർശനം ലഭിച്ചതിനെ തുടർന്ന് രാജകിങ്കരന്മാർ കാടുതെളിച്ച് വിഗ്രഹം കണ്ടെടുത്തെന്നും പ്രതിഷ്ഠാ കലശത്തിന് തയ്യാറാവുന്നതുവരെ മൂന്ന് ദിവസം കൊട്ടാരം ദേവീക്ഷേത്രത്തിൽ വച്ച് പൂജാവിധികൾ നടത്തിയതിനുശേഷം എറ്റുമാനൂരമ്പലത്തിൽ കൊണ്ടുപോയി പ്രതിഷ്ഠിച്ചതായുമാണ് ഐതിഹ്യം.

 

വിഗ്രഹം ലഭിച്ച മലയ്ക്ക് അന്നുമുതൽ തേവർത്തുമല (തേവർ ഉയർത്തുമല) എന്ന പേരും പ്രചാരത്തിലായി ആദിവാസി സ്ത്രീ ചുറ്റുപാടുമുള്ള വെട്ടുകൽ പാറയിൽ നിന്ന് വ്യത്യസ്ഥമായി കരിങ്കൽ ശിലയായി മണ്ണാത്തിക്കല്ല് എന്ന പേരിൽ എന്നും അവിടെ നില കൊള്ളുന്നു വിഗ്രഹം ഉയർന്ന സ്ഥാനത്ത് വെട്ടുകൽ പാറയിൽ ഉള്ള കുഴിയിൽ എത് വേനൽക്കാലത്തും വറ്റാത്ത വെള്ള മുണ്ടെന്നുള്ളതും പ്രസ്‌താവ്യമാണ് കാട്ടാമ്പാക്കിലെ വസ്‌തുക്കളെല്ലാം ഏറ്റുമാനൂർ ദേവസ്വം തോട്ടമെന്നാണ് പഴയ റവന്യൂ റെക്കാർഡുകളിൽ കാണുന്നത്. എറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ വേലകളി നടത്തുന്നതിനുള്ള അവകാശം ഇന്നും കാട്ടാമ്പാക്ക്‌കാർക്കാണ്

ചരിത്രാതീതകാലത്ത് നിലവിൽ വന്നതായി പറയപ്പെടുന്ന കാട്ടാമ്പാക്ക് കൊട്ടാരം ദേവീക്ഷേത്രം 1970 ൽ പുതുക്കി പണിതപ്പോൾ എറ്റുമാനൂർ ദേവനെ ഉപദേവനായി പണ്ട് മൂന്ന് ദിവസം ഇരുന്ന സ്ഥാനത്തുതന്നെ പ്രതിഷ്ഠിച്ചിട്ടുണ്ട്

 

കൊല്ലവർഷം 1144 -ാ ാമാണ് തുലാമാസം 11 -ാം തീയതി വൈകിട്ടുണ്ടായ അതിഭയങ്കരമായ കാറ്റിലും മഴയിലുംപെട്ട്, കാട്ടാമ്പാക്ക് എൻ എൻ എസ് എച്ച് എസ് ന് വടക്കുകിഴക്കായി മുണ്ടന്താനം എന്ന സ്ഥലത്ത് നിന്നിരുന്ന ഒരു മാവും പിലാവും കടപുഴകി വീണു ആ വൃക്ഷങ്ങളുടെ കടയ്ക്കൽ വേരുകളുടെ ഇടയിൽ എതാനും ശിലാബിംബങ്ങൾ ഉയർന്നു വന്നു വിവരം അറിഞ്ഞ നാട്ടുകാർ വൃക്ഷങ്ങൾ വെട്ടിമാറ്റി അവിടെ തന്നെ വിഗ്രഹങ്ങൾ പ്രതിഷ്‌ഠിച്ച് പൂജാദികർമ്മങ്ങൾ ആരംഭിച്ചു തുടർന്ന് നടത്തിയ ദേവപ്രശ്ന‌ത്തിൽ ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് വടക്കേ മലബാറിൽ നിന്നും പ്രാണരക്ഷാർത്ഥം ഈ സ്ഥലത്ത് കുടിയേറി പാർത്ത ബ്രാഹ്മണർ ഇവിടെ പണ്ട് ഒരു ദേവീക്ഷേത്രം സ്ഥാപിച്ചിരുന്നു എന്നും കാലപ്പഴക്കത്തിൽ ക്ഷേത്രം നശിക്കുകയും പൂജാവിഗ്രഹങ്ങൾ മണ്ണടിഞ്ഞുപോയി എന്നും പ്രശ്ന‌വശാൽ മനസ്സിലാക്കുവാൻ കഴിഞ്ഞു തുടർന്ന് നാനാജാതി മതസ്‌തരായ ആളുകളുടെ സഹകരണത്തോടെ ഏറെ താമസിയാതെ ക്ഷേത്രം പണികഴിപ്പിക്കുകയും അഷ്ടബന്ധകലശത്തോടുകൂടി ദേവീ പ്രതിഷ്ട നടത്തുകയും ശ്രീകോവിലനുപുറത്ത് ഉപദേവന്മാരെ പ്രതിഷ്ഠിക്കുകയും ചെയ്തു.

 

രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആലുമ്മേക്കാവിനെക്കുറിച്ച് അല്പം ചരിത്രം പൂരുതാനകാലത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നതിൻ്റെ മുൻഭാഗത്ത് ഒരു വലിയ ആൽമരം നിന്നുരുന്നുവെന്നും ആ മരത്തിന്റെ ചുവട്ടിലാണ് ഭഗവതി (ഭദ്ര) ആദ്യമായി വന്നിരുന്നതെന്നും പറയപ്പെടുന്നു പിന്നീട് ആ സ്ഥാനത്തിനടുത്ത് ക്ഷേത്രം നിർമ്മിച്ച് അവിടെ ദേവിയെ പ്രതിഷ്ഠിച്ചുവെന്നും അതുകൊണ്ട് ക്ഷേത്രത്തിന് ആലുമ്മേക്കാവ് എന്ന പേരുണ്ടായി എന്നുമാണ് ഐതിഹ്യം. ഈ ക്ഷേത്രത്തിലെ പ്രധാന ശ്രീകോവിലിൽ ഭദ്രയേയും ദുർഗ്ഗയേയും തുല്യപ്രാധാന്യത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു ശ്രീകോവിൽ രണ്ട് പ്രതിഷ്‌ഠകൾ നടത്തുന്നത് വളരെ അപൂർവ്വമാണ് ഉപദേവന്മാരായി ശാസ്ത‌ാവ്, പരശിവൻ, പാർവ്വതി, ഗണപതി എന്നീ പ്രതിഷ്‌ഠകളും കൂടാതെ ബ്രഹ്മരക്ഷസ്സിനേയും പ്രതിഷ്ഠിച്ചിട്ടുണ്ട്.

 

രണ്ടാം വാർഡിൽ തന്നെ 1918 ൽ സ്ഥാപിച്ച സെൻ്റ് മേരീസ് ചർച്ച് മരങ്ങോലിയെക്കുറിച്ചുള്ള ചരിത്രം. ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് നാടു മുഴുവൻ പട്ടിണിയും ദാരിദ്രവും രോഗവും മൂലം ജനങ്ങൾ വളരെയേറെ കഷ്ഠതയനുഭവിച്ചിരിന്നു കൂടാതെ ഈ കാലഘട്ടിത്തിൽ വസൂരിയെന്ന ഭീകര രോഗം ജനങ്ങളെ വല്ലാതെ പീഡിപ്പിച്ചിരുന്നു ഈ സമയത്ത് ഇലഞ്ഞിപ്പള്ളിയിൽ നിന്നും (ഇടവകപ്പള്ളി) വസൂരി നിർമ്മാർജ്ജനത്തിനായി വിശുദ്ധ സെബസ്റ്റാനോസിന്റെ ഒരു കഴുന്ന് പ്രദക്ഷിണം മരങ്ങോലിയിൽ എത്തുകയും ഇപ്പോൾപള്ളി ഇരിക്കുന്ന സ്ഥലത്ത് ഒരു പന്തൽ കെട്ടുകയും ആ പന്തലിൽ വിശുദ്ധ സെബാസ്റ്റ്യാനോസിൻ്റെ രൂപം പ്രതിഷ്ഠിക്കുകയും, ലദീഞ്ഞ്, പ്രസംഗം മുതലായവ നടത്തുകയുമുണ്ടായി തദ്ദസരത്തിൽ ബഹുമാനപ്പെട്ട പൗലോസ് പള്ളിക്കാപ്പറമ്പിൽ അച്ഛൻ പ്രസംഗമദ്ധ്യേ സസ്യശ്യാമള കോമളമായ ഈ കുന്നിൻപുറം ഒരു ദേവാലയത്തിന് അനുയോജ്യമാണെന്ന് പ്രസ്‌താവിക്കുകയുണ്ടായി തുടർന്ന് നാട്ടുകാർ ഈ സ്ഥലം വിലക്കുവാങ്ങി ഒരു ഷെസ്സ് നിർമ്മിച്ച് 1917 ൽ പൗലോസ് അച്ചൻ ആദ്യമായി ഇവിടെ ദിവ്യബലി അർപ്പിക്കുകയും ചെയ്തു 1924 ൽ ഷെഡ് പുതുക്കി സാമാന്യം മനോഹരമായ പള്ളി നിർമ്മിച്ച് പിന്നീട് 1969 ലാണ് ഇന്നു കാണുന്ന മനോഹരവും ശില്പകലാസുന്ദരവുമായ ഈ ദേവാലയം പാലാ രൂപതയുടെ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ വയലിൽ വെഞ്ചരിച്ച് ഉദ്ഘാടനം ചെയ്ത‌ത്

 

സ്വാതന്ത്ര്യത്തിനും വളരെ നാൾ മുമ്പ് ഭാരതത്തിലാകെയും സംസ്ഥാനത്ത് പ്രത്യേകിച്ചും നിലനിന്നിരുന്ന അടിമത്വവും ജാതി വ്യവസ്ഥയും നമ്മുടെ ഗ്രാമങ്ങളിലും വളരെ ശക്തമായിരുന്നു ബ്രിട്ടീഷ് ഭരണത്തിൻ്റെ ദൂഷ്യഫലങ്ങൾ കൂടാതെ അധ സ്ഥിത വിഭാഗങ്ങൾ ജന്മി, മുതലാളിമാരുടെ പീഢനങ്ങൾ കൂടി സഹിക്കേണ്ടി വന്നു ഈ കാലഘട്ടത്തിലാണ് പാശ്ചാത്യ മിഷനറിമാർ തങ്ങളുടെ പ്രവർത്തനം കേരളത്തിൽ വ്യാപകമാക്കിയത് കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മിഷനറിമാർ ഞീഴൂർ പഞ്ചായത്തിലെ വാക്കാട് പ്രദേശം ഇന്ന് ആറാം വാർഡ് സ്വന്തമായി വിലക്ക് വാങ്ങുകയും അവിടെ ഒരു പള്ളി സ്ഥാപിക്കുകയും ചെയ്‌തു ആ പ്രദേശത്തുണായിരുന്ന അധഃസ്ഥിത വിഭാഗങ്ങളെ ക്രിസ്‌തുമതത്തിലേക്ക് മതപരിപവർത്തനം നടത്തുകയും പള്ളിയുടെ ഭൂമിയിൽ അവർക്ക് താാസിക്കുന്നതിനും കൃഷി ചെയ്യുന്നതിനും അനുവാദം നൽകുകയും ചെയ്തു 1900 ആണ്ടോടെ വാക്കാട് കേന്ദ്രീകരിച്ച് ഒരു പ്രൈമറി സ്‌കൂൾ സ്ഥാപിക്കപ്പെട്ടു (വാക്കാട് സിം എം എസ് യു പി സ്‌കൂൾ)ഇത് ഞീഴൂർ ഗ്രാമപഞ്ചായ‌തിലെ ആദ്യത്തെ സ്‌കൂളായി അറിയപ്പെടുന്നു സ്വാതന്ത്ര്യത്തിനുശേഷം ബ്രിട്ടീഷുകാർ ഇന്ത്യവിടുകയും അവരുടെ കൈവശമുണ്ടായിരുന്ന പള്ളികളും സ്ഥാപനങ്ങളും സി എസ് ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ) സഭയക്ക് കൈമാറുകയും ചെയ്‌തു നേതൃത്വത്തിൻ്റെ പേര് മാറിയെങ്കിലും സ്‌കൂൾ ഇന്നും പഴയപേരിൽ തന്നെ അറിയപ്പെടുന്നു

 

സി എം എസ് ആംഗ്ലിക്കൻ മിഷനറിമാർ കേരളത്തിൽ പ്രവർത്തനം ആരംഭിച്ച കാലത്ത് സ്ഥാപിച്ച സിഎംഎസ് സഭ1947 ൽ സി.എസ്.ഐ ആയി രൂപാന്തരപ്പെട്ടു ആംഗ്ലിക്കൻ വിശ്വാസം നിലനിർത്തുവാൻ 1965 മെയ് 5 ന് സി എം എസ് മുൻ സുപ്പീരിയർ ജനറൽ ആയിരുന്ന സിസ്റ്റർ ആൻ ഗൊരേത്തി കുന്നശ്ശേരി വൈക്കം താലൂക്ക് എൻ.എസ്.എസ്‌. യൂണിയൻ പ്രസിഡൻ്റ് ഡോ സി ആർ വിനോദ് കുമാർ, മുൻ ഗ്രാമപഞ്ചായത്ത് മെമ്പറും മുൻ ജില്ലാ സെയിൽടാക്‌സ് കമ്മീഷണറും ആയ അഡ്വ കെ എൻ കൃഷ്‌ണൻനമ്പൂതിരി കാക്കാനപ്പള്ളിനെ, കോട്ടയം മുൻ ഡി.ഡി. രവീന്ദ്രകുമാർ, അഗ്രികൾച്ചറൽ ഡയക്ടറായിരുന്ന ശ്രീ അബ്രഹാം തടത്തിൽ, മുൻ എസ് പി. തോമസ് ജോർജ് കോട്ടായിൽ ജസ്യൂട്ട് സദയുടെ മുൻ സുപ്പീരിയർ റവ ഫാ ജോസ് മുരിക്കൻ, കുളമ്പ് രോഗ പ്രതിരോധ മരുന്ന് ഗവേഷണ രംഗത്ത് വാക്‌സിൻ കണ്ടുപിടിച്ച പ്രമുഖ ഗവേഷകൻ ഡോക്‌ടർ പ്രഭാകരൻ നായർ മഠത്തിൽ, ഡോ. രാജൻ നായർ വാളനില, ഈ പഞ്ചായത്തിൻ്റെ ആരംഭകാലം മുതൽ ദീർഘകാലം പ്രസിഡന്റായിരുന്ന ശ്രീ. എം. സി. പോത്തൻ, സെക്രട്ടറിയായിരുന്ന ശ്രീ ടി. കെ. ഫിലിപ്പ് തത്തംകുളം, ഇൻഡ്യ ആർമ്മിയിലെ മേജർ സുനിൽ തോമ്മസ് ഞീഴൂർ എസ് എൻ.ഡി.പി യുടെ സ്ഥാപകനേതാക്കളായ അഡ്വ എം.പി. മണി റ്റി ഐ മാധവൻ, തുടങ്ങിയവർ ഞീഴൂർ പഞ്ചായത്തിൻ്റെ സന്താനങ്ങളാണ്

 

പാരമ്പര്യ വൈദ്യശാസ്ത്രത്തിൽ പണ്ഡിതരായ തുരുത്തിപ്പള്ളി വക്കച്ചൻ വൈദ്യൻ, ബാലചികിത്സയ്ക്ക് പേരുകേട്ട നിരപ്പേൽ കൊച്ചുവൈദ്യൻ, തിരുമ്മുചികിത്സാ വിദഗ്‌ധൻ മഠത്തിൽ പത്മനാഭപിള്ള കൈതക്കാട്ട് നീലകണ്ഠൻ വൈദ്യൻ, പുളിക്കിൽ ഔസേഫ് വൈദ്യൻ, വിഷ ചികിത്സകരായിരുന്ന കൊച്ചിക്കൻ വൈദ്യൻ, കുര്യൻ പോൾ കുര്യാസ്, മാത്യു പോൾ കുര്യാസ് തുടങ്ങിയവരേയും സ്‌മരിക്കപ്പെടേണ്ടവരാണ്.

 

കലാസാഹിത്യ കായിക രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തികളും ഈ പഞ്ചായത്തിലുണ്ട്. 50 ൽ പരം ഗ്രന്ഥങ്ങളുടെ കർത്താവ് സ്റ്റേറ്റ് അവാർഡ് നേടിയ ശ്രീ വർഗ്ഗീസ് കാഞ്ഞിരത്തുങ്കൽ, ഞീഴൂർ ദേവരാജൻ, അച്യുതൻ ഞീഴൂർ, കഥകളി ആചാര്യൻ പള്ളിപ്പുറം രാസ്ക്കരൻ നായർ, ഉള്ളാക്കുന്നേൽ നീലകണ്‌ഠപിള്ള, പറ്റൂർ കേശവപിള്ള കിഴക്കേക്കര പാച്ചുപിള്ള തുടങ്ങിയവരും കായിക താരങ്ങളായിരുന്ന സി.എം. ജോസഫ് ചാമക്കാല, ഒളിമ്പ്യൻ ബിനോയി ലൂക്കോസ് തത്തംകുളം എന്നിവർ അവരിൽ ചിലർ മാത്രമാണ്