ഭൂമി ശാസ്ത്രം
ഭൂമി ശാസ്ത്രം – പഞ്ചായത്തിന്റെ ഘടന
ഇടനാടിന്റെ ഭൂപ്രകൃതിയാണ് ഞീഴൂർ പഞ്ചായത്തിൽ പ്രധാനമായും കാണപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്നും 7.5 മീറ്ററിനും 75 മീറ്ററിനും ഇടയിലുള്ള ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഭൂവിഭാഗങ്ങളെയാണ് ഇടനാട് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 75 മീറ്ററിലും കൂടുതൽ ഉയരമുള്ള പ്രദേശങ്ങളെ മലനാട് വിഭാഗത്തിലും ഉൾപ്പെടുത്തിയിരിക്കുന്നു. പഞ്ചായത്തിൽ കാണുന്ന ഭൂവിഭാഗങ്ങളെ പ്രധാനമായും കുന്നിൻമുകൾ, ചരിഞ്ഞപ്രദേശം താഴ്‌വാരം എന്നിങ്ങനെ മൂന്നായി തരം തിരിക്കാം പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങൾ കുന്നിൻ മുകൾ വിഭാഗത്തിലും നെൽവയലുകൾ ഉൾപ്പെടുന്ന താഴ്ന്നപ്രദേശങ്ങൾ താഴ്‌വരകൾ എന്ന വിഭാഗത്തിലും കുന്നിൻ മുകൾ പ്രദേശത്തെയും, താഴ്വരകളെയും ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ ചരിഞ്ഞ പ്രദേശങ്ങൾ എന്ന വിഭാഗത്തിലും ഉൾപ്പെടുന്നു. പഞ്ചായത്തിലെ പ്രസിദ്ധമായ ഭൂതപാണ്ടൻചിറ താഴ്വര ഭാഗത്താണ് ഉൾപ്പെടുന്നത്. ഇത് ഏകദേശം 4.12 ഹെക്ടർ ഭൂപ്രദേശമായി വ്യാപിച്ചിരിക്കുന്നു. പഞ്ചായത്തിലൂടെ കടന്നു പോകുന്ന വലിയ തോടാണ് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സ് പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലും ചരിഞ്ഞ പ്രദേശങ്ങളിലും റബ്ബറാണ് പ്രധാനമായും കൃഷി ചെയ്യുന്നത് കുന്നിൻമുകൾ പ്രദേശത്ത് ചെങ്കൽമണ്ണ്, ചെമ്മണ്ണ് എന്നീ മണ്ണിനങ്ങളാണ് പ്രധാനമായും കണ്ടുവരുന്നത്. വന്നാട്ടുകുന്ന്, ചിറനിരപ്പ്, വഞ്ചിപ്പാറ, ഊന്നുകല്ല്, മാന്താറ്റ് കുന്ന്, പതികുന്ന്, മൂക്കം ചാത്തിമല, മാനാടിമല, തേരാടിമല, തേവർത്തുമല എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ഉയർന്ന പ്രദേശങ്ങൾ.